ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ പത്താം വാർഡിൽ ഒരുകിലോമീറ്റർ ചുറ്റളവിൽ ഇന്നലെ വരെ 10,000 താറാവുകളെ കൊന്ന് സംസ്കരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിൽ നിന്നും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ ഫലം വരാനുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ മൂന്നുപേർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാമ് പ്രവർത്തനം. പക്ഷികളുടെ അവശിഷ്ടം നീക്കി പ്രദേശം അണുവിമുക്തമാക്കി. ക്ളീനിംഗ് ജോലി ഇന്നും തുടരും. രോഗബാധ സ്ഥിരീകരിച്ച പത്ത് കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ മാംസവും മുട്ടയും വില്പനയും വിപണനവും നിറുത്തിവച്ചു. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വാ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിയന്ത്രണം. തകഴി മേഖലയിൽ പരിശോധന തുടരുകയാണ്.