hhd

ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8 ഓടെയായിരുന്നു അപകടം. തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടിൽ ആന്റണിയുടെ മകൻ ജവഹർ ആന്റണിയാണ് (41) മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ ആലപ്പുഴയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

കൊല്ലത്തേക്ക് പോവുകയായിരുന്നു ബസ് ജവഹർ ഓടിച്ച കാറിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ജവഹർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി അൽഫോൺസ (35),​ മക്കളായ എ.ജെ. നന്ദൻ (12), എ.ജെ. നളൻ (10) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവർ ഓച്ചിറ വള്ളികുന്നം ലക്ഷ്മി നിലയത്തിൽ ശ്രീകുമാർ (50),​ യാത്രക്കാരായ തോട്ടപ്പള്ളി വള്ളപുരക്കൽ സുനിമോൾ (42), ആലപ്പുഴ ചെമ്പകശേരിൽ രാജേന്ദ്രൻ (55), അമ്പലപ്പുഴ പടിപ്പുരയിൽ വിജീഷ് (42), തമിഴ്നാട് തിരുച്ചിറപ്പള്ളി സംഗീതപുരം സ്വദേശി മേരി ആന്റണി (35), മകൾ അനിതാമോൻ (20), പാതിരാപ്പള്ളി തടിക്കൽ ആർ. പ്രദീപ് (54), തകഴി വല്ലൂർ ഹൗസിൽ അജിത്ത് കുമാർ (47),​ അമ്പലപ്പുഴ കരൂർ നടുവിലെ മടത്തിപ്പറമ്പിൽ സതി ശ്രീകാന്ത് (52) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവർ ആലപ്പുഴ മെഡിക്കൽ കോളേജിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ പിന്നിൽ വന്ന വർക്കല സ്വദേശി ലക്ഷ്മി നാരായണൻ പോറ്റിയുടെ കാറിലും ഇടിച്ചു. ജവഹറിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.