ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വാതിൽ തുറക്കാൻ കഴിയാതെ മുറിക്കുള്ളിൽ കുടുങ്ങിയ 74കാരിയെ ഫയർഫോഴ്സ് വാതിൽ പൊളിച്ച് പുറത്തെത്തിച്ചു. തിരുവമ്പാടി എ.എൽ പുരം തെക്കേകണ്ണമംഗലം ഇല്ലത്ത് തങ്കമണിഅമ്മയാണ് മുറിക്കുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഇവർ തനിച്ചായിരുന്നു താമസിച്ചിരുന്നത്. പതിവ് സമയമായിട്ടും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ എത്തിയപ്പോൾ മുറിതുറക്കാൻ കഴിയാതെ തങ്കമണി അമ്മയുടെ ശബ്ദം മാത്രമാണ് കേട്ടത്. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. സേന വാതിലിന്റെ ഒരു പാളി പൊളിച്ച് അകത്ത് കയറി വൃദ്ധയെ രക്ഷിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ വി. വാലന്റൈൻ, അസി. സ്റ്റേഷൻ ഓഫീസർ കെ. തോമസ്, ഫയർ ഓഫീസർമാരായ ആർ. ഷുഹൈബ്, ജി. ഷൈജു, വിപിൻ രാജ്, ആർ. ശ്രീരാജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.