
മാരാരിക്കുളം: പോരാടിയാൽ നേടാമെന്നതിന് തെളിവാണ് കർഷക സമരത്തിന്റെ വിജയമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സി.പി.എം മാരാരിക്കുളം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിന്റെയും പ്രക്ഷോഭത്തിന്റെയും കാലം കഴിഞ്ഞുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടികൂടിയാണ് ഈ വിജയം.
രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാനാണ് കേന്ദ്രസർക്കാർ കരിനിയമങ്ങൾ കൊണ്ടുവന്നത്. ജനസംഖ്യയുടെ 58 ശതമാനവും കാർഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അമേരിക്കയിൽ ഇത് വെറും അഞ്ചു ശതമാനവും. എന്നിട്ടും കാർഷിക മേഖലയിൽ അമേരിക്കൻ മോഡൽ നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
പൊതുമേഖല വിറ്റു തുലയ്ക്കുന്നതുൾപ്പെടെയുള്ള ജനവുരുദ്ധ നയങ്ങളാണ് ബി.ജെ.പി നടപ്പാക്കുന്നത്. എന്നാൽ കേരളത്തിൽ പൊതുമേഖലയെ സംരക്ഷിക്കുന്ന ബദൽ നയങ്ങളാണ് എൽ.ഡി.എഫ് നടപ്പാക്കുന്നതെന്നും ഐസക് പറഞ്ഞു.
ബെന്നി നഗറിൽ (പ്രിഥ്വി ഓഡിറ്റോറിയം കലവൂർ) നടന്ന സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന അംഗം എൻ.എസ്. ജോർജ് പതാക ഉയർത്തി. സി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. കലാ - സാഹിത്യ - കായിക മത്സര വിജയികൾക്ക് ടി.എം. തോമസ് ഐസക് ഉപഹാരങ്ങളും കാഷ് അവാർഡും നൽകി.
ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ.ആർ. ഭഗീരഥൻ പ്രറവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.134 പ്രതിനിധികളാണ് പങ്കെടുത്തത്. ജില്ലാ സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ചെറിയാൻ, സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. വേണുഗോപാൽ, കെ .പ്രസാദ്, പി.പി. ചിത്തരഞ്ജൻ, ജി. ഹരിശങ്കർ, മനു.സി. പുളിക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ഡി. മഹീന്ദ്രൻ, കെ.ജി. രാജേശ്വരി, ജലജ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. രാവിലെ 9 ന് പൊതുചർച്ച, റിപ്പോർട്ട് അംഗീകരിക്കൽ. തുടർന്ന് ഏരിയാ കമ്മിറ്റി ജില്ലാ സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.