ചേർത്തല: സർക്കാർ നൽകുന്ന സഹായങ്ങൾക്ക് പ്രത്യുപകാരമായി പാർട്ടിപത്രം എല്ലാ ഗ്രൂപ്പുകളിലുമെടുക്കണമെന്ന ശബ്ദസന്ദേശത്തിന്റെ പേരിൽ നഗരസഭയിലെ കുടുംബശ്രീ ഗ്രൂപ്പുകളിൽ പ്രതിഷേധം. വാർഷിക വരിസംഖ്യ അടച്ച് വരിക്കാരാകാനുള്ള നിർദ്ദേശമാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.
സബ്സിഡിയും ലോണും ഗ്രാന്റും അടക്കമുള്ള സഹായങ്ങൾ നൽകുന്ന സർക്കാരിനെ തിരിച്ചും സഹായിക്കുന്നതിനാണ് വരിക്കാരാകണമെന്ന് പറയുന്നതെന്ന് സന്ദേശത്തിൽ പറയുന്നു. ഒരോ അയൽക്കൂട്ടത്തിലും തീരുമാനമെടുത്ത് പണമടയ്ക്കാനാണ് നിർദ്ദേശം. ഇതിനെതിരെ ഭരണത്തിലുള്ള കക്ഷികളടക്കം പ്രതിഷേധം ഉർത്തിയതായാണ് വിവരം. നഗരസഭയിലെ പത്ര പരസ്യങ്ങൾ ഉൾപ്പെടെ ഭരണകക്ഷി പത്രങ്ങൾക്ക് വീതംവച്ച് നൽകുന്നതായും ആക്ഷേപമുണ്ട്.