post

ആലപ്പുഴ: നഗരത്തിൽ ആറാട്ടുവഴി പാലത്തിന് പടിഞ്ഞാറും പാതിരാപ്പള്ളി പമ്പിന് എതിർവശവും വൈദ്യുതി പോസ്റ്റുകളിൽ തീപിടിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി. ആറാട്ടുവഴി പാലത്തിന് പടിഞ്ഞാറുള്ള പോസ്റ്റിലെ ജംഗ്ഷൻ ബോക്‌സിന് തീപിടിച്ച് കേബിളുകളിലേക്ക് പടരുകയായിരുന്നു. ഫയർ അസി. സ്റ്റേഷൻ ഓഫീസർ കെ. തോമസിന്റെ നേതൃത്വത്തിൽ ആർ. മഹേഷ്, സനുരാജ്, യു. ബിനുകൃഷ്ണൻ, ആർ. ശ്രീരാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പാതിരാപ്പള്ളി പമ്പിന് എതിർവശത്തെ പോസ്റ്റിലെ കേബിളിന് തീപിടിച്ച് പടരുകയായിരുന്നു. നാഷണൽ ഹൈവേയ്ക്ക് സമീപമായതിനാൽ പ്രദേശത്ത് അര മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഗതാഗതവും തടസപ്പെട്ടു. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്‌സിറ്റിംഗുഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഫയർ ഓഫീസർമാരായ എ.ജെ. ബഞ്ചമിൻ, ഡി. മനു, ആർ. സന്തോഷ്, ടി.ടി. സന്തോഷ് എന്നിവർ മിനി വാട്ടർ മിസ്റ്റ് വാഹനത്തിലെത്തിയാണ് തീയണച്ചത്.