മാവേലിക്കര: ദേശാഭിമാനി ടി.കെ. മാധവൻ സ്മാരക മുനിസിപ്പൽ പാർക്കിൽ ടി.കെ. മാധവന്റെ പ്രതിമ സ്ഥാപിക്കണമെന്ന എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നിവേദനം മുനിസിപ്പൽ കൗൺസിൽ പരിഗണനയ്ക്കെടുത്തപ്പോൾ മതസൗഹാർദ്ദം തകരുമെന്ന വിചിത്ര വാദം ഉന്നയിച്ച് തീരുമാനം അട്ടിമറിച്ചതിൽ യോഗം മാന്നാർ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.
പിന്നാക്ക ജനവിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള അവകാശത്തിന് ഗാന്ധിജിയുടെ അനുമതിയോടെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകുകയും അയിത്തോച്ചാടനത്തിന് പ്രക്ഷോഭം നയിക്കുകയും ചെയ്ത നേതാവായിരുന്നു ടി.കെ. മാധവൻ. മാവേലിക്കരയുടെ മണ്ണിൽ ജനിച്ച് ചെട്ടികുളങ്ങരയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ സ്വാതന്ത്ര്യസമര പോരാളി കേരള ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ചാലകശക്തിയായിരുന്നു.
മഹാനായ ടി.കെ. മാധവനോടുള്ള അവഗണനയ്ക്ക് കനത്ത വില നൽകേണ്ടിവരും. മതസൗഹാർദ്ദം തകരുമെന്നത് ഒരു കൗൺസിലറുടെ മാത്രം അഭിപ്രായമാണോ അതോ മറ്റേതെങ്കിലും അജണ്ടയുടെ ഭാഗമാണോയെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ മാന്നാർ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ടി.കെ. മാധവന്റെ പ്രതിമ സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം നടത്താനും യൂണിയൻ തീരുമാനിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷനായി. ജോ. കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.