palam

ആലപ്പുഴ: പാലങ്ങളുടെ പെരുമയേറുന്ന ആലപ്പുഴ നഗരത്തിൽ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ പോരായ്മയും മൂലം അപകടാവസ്ഥയിലായിരിക്കുകയാണ് പല പാലങ്ങളും. ഇവയിൽ പ്രധാനിയാണ് ഇരുമ്പുപാലത്തോട് ചേർന്നുള്ള നടപ്പാലം. പേര് അക്ഷരാർത്ഥത്തിൽ 'തുരുമ്പ് പാല'മെന്ന് മാറ്റേണ്ട സമയം അതിക്രമിച്ചതായി യാത്രക്കാർ പറയുന്നു.

നടപ്പാതയും കൈവരിയും ചേരുന്ന ഭാഗത്തേക്ക് നോക്കിയാൽ ജീവനിൽ കൊതിയുള്ളവർ പാലത്തിൽ കയറില്ല. തുരുമ്പെടുത്ത് കൈവരിയുമായി ബന്ധം വേർപെട്ട നിലയിലാണ് പല ഭാഗങ്ങളും. പ്രധാന പാതയിൽ തിരക്കേറുന്ന സമയത്ത് പലരും ആശ്രയിക്കുന്നത് ഈ നടപ്പാലത്തെയാണ്.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് ഇരുമ്പുപാലം. ആദ്യം ജലസേചന വകുപ്പിന്റെയും പിന്നീട് പൊതുമരാമത്ത് വകുപ്പിന്റെയും കൈയിലായിരുന്ന പാലം നിലവിൽ ആലപ്പുഴ നഗരസഭയ്ക്ക് കീഴിലാണ്. കാൽനട യാത്രക്കാർ അപകടത്തിൽപ്പെടും മുമ്പ് പാലം നവീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

""

നഗരത്തിന്റെ പഴമയുടെയും പൈതൃകത്തിന്റെയും അടയാളം കൂടിയാണ് ഇരുമ്പ് പാലം. അപകടരഹിതമായി നിലനിറുത്തേണ്ടത് ആവശ്യമാണ്. അതിനുള്ള നടപടികൾ ഉടൻ പരിഗണിക്കും.

പി.എസ്.എം.ഹുസൈൻ,

വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ

""

നഗരത്തിന്റെ ഹൃദയഭാഗത്ത് പാലം ഇത്ര ഗുരുതരാവസ്ഥയിൽ കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തത് പ്രതിഷേധാർഹമാണ്. എല്ലാ പാലങ്ങളും റോഡുകളും ഒരേ സമയം പൊളിച്ച് പണിയാതെ, അപകട ഭീഷണി നേരിടുന്നവയ്ക്ക് മുൻഗണന നൽകണം.

കബീർ, യാത്രക്കാരൻ

""

ഉത്സവകാലമായതിനാൽ തിരക്ക് വർദ്ധിച്ചു. ഇരുമ്പ് പാലത്തിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തുരുമ്പെടുത്ത് നശിച്ചതിനാൽ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.

രതീഷ് കുമാർ, യാത്രക്കാരൻ