
ആലപ്പുഴ: മഴ മാറി നിന്നിട്ടും നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ കരയ്ക്ക് കയറുന്നില്ല. വൃശ്ചിക വേലിയേറ്റമെന്ന പ്രതിഭാസമാണ് രാപകൽ വ്യത്യാസമില്ലാതെ വീണ്ടും വെള്ളക്കെട്ടിലാവാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. സ്ഥിരമായി വെള്ളക്കെട്ടിൽ തുടരുന്ന പ്രദേശങ്ങൾക്ക് ഇതോടെ വെയിലുറച്ചിട്ടും വെള്ളം ഒഴിയാത്ത സ്ഥിതിയാണ്.
കെട്ടിക്കിടക്കുന്ന വെള്ളം പകർച്ചവ്യാധി ഭീഷണി ഉൾപ്പെടെ ഉയർത്തുമോയെന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്. വൃശ്ചിക മാസത്തിന്റെ രണ്ടാം പകുതിയിലാണ് ശക്തമായ വേലിയേറ്റം പതിവ്. തീരപ്രദേശത്തെ വീടുകളിൽ ഉപ്പുവെള്ളം കയറുന്നുണ്ട്. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും കുട്ടനാട്ടിലും പല ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറുകയും കൃഷി വെള്ളത്തിലാവുകയും ചെയ്തിട്ടുണ്ട്. വേലിയേറ്റം ശക്തമായതോടെ പല റോഡുകളും മുങ്ങി. ഉടൻ പുനർനിർമ്മാണം ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയ റോഡുകളുടെ പണികളും ആരംഭിച്ചിട്ടില്ല. വേലിയേറ്റത്തിന്റെ ഭാഗമായി ജലശ്രോതസുകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെ വീട്ടുമുറ്രത്ത് എത്തുന്നത് രോഗഭീഷണിയും ഉയർത്തിയിട്ടുണ്ട്.
വെള്ളത്തിലാക്കി വൃശ്ചിക വേലിയേറ്റം
1. വേലിയേറ്റം രാത്രിയിൽ
2. പകൽ വെള്ളം കാര്യമായി കുറയുന്നില്ല
3. പ്രദേശങ്ങളിൽ പകർച്ചവ്യാധി ഭീഷണി
4. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ വീണ്ടും വെള്ളത്തിൽ
""
കൊവിഡിന് പിന്നാലെ പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യം വീട്ടുമുറ്റത്തെത്തുന്നത് രോഗകാരണമായേക്കും. വെള്ളം കെട്ടിക്കിടന്ന് അപകടങ്ങളും പതിവാണ്.
ഗിരിജ, വീട്ടമ്മ