p

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനെ രോഗിയുടെ ഒപ്പമുണ്ടായിരുന്ന മന്ത്രി സജി ചെറിയാന്റെ ഗൺമാൻ മർദ്ദിച്ചതായി പരാതി. ഹൗസ് സ‌ർജൻ ജുമീന ഗഫൂറാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാത്രി 11.45 ഓടെ പതിനാറാം വാർഡിലായിരുന്നു സംഭവം. ഗൺമാനായ അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ (74) ഹൃദയാഘാതത്തെ തുട‌ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ട‌ർമാ‌ർ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവർ ഡോക്ടർമാരോടും നേഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗൺമാൻ വനിതാ ഹൗസ് സർജനെ മർദ്ദിച്ചെന്നാണ് ജീവനക്കാർ പറയുന്നത്. അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അതേസമയം, കുറ്റവാളിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കെ.ജി.എം.സി.ടി.എ, ജില്ലാ പ്രസിഡന്റ് ഡോ.എം.നാസർ ആവശ്യപ്പെട്ടു.