
ആലപ്പുഴ: എൻ.എസ്.എസ് ആവശ്യപ്പെട്ടതു കൊണ്ടാണ് 1989ൽ കാേട്ടയം പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ രമേശ് ചെന്നിത്തലയ്‌ക്ക് പാർട്ടി അനുമതി നൽകിയതെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാന്റെ പ്രസംഗം വിവാദമായി. ചിലർ ഒതുക്കാൻ ശ്രമിച്ച കെ.സി. വേണുഗോപാൽ ഉയരങ്ങളിലെത്തിയെന്നും തമ്പാൻ തുറന്നടിച്ചു. കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃയോഗത്തിലായിരുന്നു വിവാദ പരാമർശങ്ങൾ. ഇതിനെതിരെ ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പരാതി നൽകി.
എസ്.എൻ.ഡി.പി യോഗത്തിന്റെ ലിസ്‌റ്റിൽ ഒന്നാം പേരുകാരനായതിനാലാണ് തനിക്ക് ചാത്തന്നൂരിൽ മത്സരിക്കാൻ സീറ്റ് ലഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കെ.സി. വേണുഗോപാലിനെ കെ.പി.സി.സിയിൽ ഉൾപ്പെടുത്താതെ തഴഞ്ഞു. ഇന്ന് കെ.സി എത്ര ഉയരത്തിലാണെന്ന് ചിന്തിക്കണം. രമേശ് ചെന്നിത്തലയ്‌ക്കായി ഹരിപ്പാട് സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണ് ബാബുപ്രസാദ്. പിന്നീട് ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു- തമ്പാൻ പറഞ്ഞു.
പ്രസംഗം വഴിവിട്ടതോടെ ,താൻ കരഞ്ഞില്ലെന്ന് ബാബുപ്രസാദ് വിളിച്ചുപറഞ്ഞു, 1982 ൽ ഹരിപ്പാട്ട് മത്സരിക്കുകയും പിന്നീട് മന്ത്രിയാകുകയും ചെയ്‌ത രമേശിന് എൻ.എസ്.എസിന്റെ ആവശ്യപ്രകാരം സീറ്റ് ലഭിക്കേണ്ട കാര്യമില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കി. ജില്ലയുടെ ചുമതലയിൽ നിന്ന് പ്രതാപവർമ്മ തമ്പാനെ ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നു. ഐ ഗ്രൂപ്പ് നേതാക്കളായ എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, എം. ലിജു എന്നിവരും തമ്പാന്റെ പ്രസംഗത്തെ പരസ്യമായി എതിർത്തു.
ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കരുതെന്ന് ആമുഖപ്രസംഗത്തിൽ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് പറഞ്ഞു. എന്നാൽ, ഡി.സി.സിയാണ് പണം കണ്ടെത്തേണ്ടതെന്ന് വിമർശിച്ച പ്രതാപവർമ്മ തമ്പാൻ ,പിന്നീട് നേതാക്കളെ പേരെടുത്ത് പരാമർശിക്കുകയായിരുന്നു.
"പരസ്യമായി അവഹേളിക്കുകയും പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുകയും ചെയ്ത പ്രതാപവർമ്മ തമ്പാനെതിരെ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകി. പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചു ".
-ബി. ബാബുപ്രസാദ്,
ഡി.സി.സി പ്രസിഡന്റ്