
ഹരിപ്പാട്: അച്ഛന്റെ ഓർമ്മ ദിനമായ ഡിസംബർ 13ന് ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നൂറ്റി ഒന്നാമത് തവണയാണ് ഹരിപ്പാട് കുമാരപുരം കാട്ടിൽ മാർക്കറ്റ് മാധവത്തിൽ എ.കെ. മധു രക്തദാനം നടത്തിയത്. പതിനാറാം വയസിൽ തിരുവനന്തപുരം ആർ.സി.സി യിലാണ് ആദ്യമായി രക്തദാനം നടത്തിയത്. 36 വർഷം മുമ്പ് മാതൃ സഹോദരീ ഭർത്താവിന്റെ ചികിൽസാർത്ഥമാണ് തിരുവനന്തപുരം ആർ.സി.സിയിൽ പോയത്. രക്തം ആവശ്യമായി വന്നപ്പോൾ ഓട്ടോതൊഴിലാളികളാണ് നൽകിയത്. തുടർന്നാണ് രക്തദാനത്തിലേയ്ക്ക് തിരിഞ്ഞത്. 16-ാം വയസിൽ രക്തം ദാനം ചെയ്യാനെത്തിയപ്പോൾ 18 വയസെന്ന് പൂരിപ്പിച്ച് നൽകുകയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലെ ബ്ലെഡ് ബാങ്കുകളിലും വിദേശത്തായിരുന്നപ്പോൾ അവിടെയും രക്തദാനം നടത്തിയിട്ടുണ്ട്. 2005 ജൂൺ 26 ന് കുമാരപുരം പഞ്ചായത്തിലെ കാട്ടിൽ മാർക്കറ്റ് എന്ന തന്റെ ഗ്രാമത്തെ സ്വന്തം ചെലവിൽ മുഴുവൻ ആളുകളുടെയും രക്ത ഗ്രൂപ്പ് നിർണയിച്ച് "സംപൂർണ രക്തസാക്ഷര ഗ്രാമ"മായി പ്രഖ്യാപിച്ചിരുന്നു.
എ.ബി പോസിറ്റീവാണ് രക്ത ഗ്രൂപ്പ്. ആർ. ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം, സൗഹാർദോദയം അവാർഡ്, മാക്സ് അവാർഡ്, റോട്ടറി ക്ലബ് എക്സലൻസ് അവാർഡ് തുടങ്ങി നിരവധി ആവാർഡുകളും ലഭിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി കോൺട്രാക്ടറായ മധുവും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ ഭാര്യ സിന്ധുവും 12-ാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യയും ആറാം ക്ലാസ് വിദ്യാർത്ഥി മാധവനും അമ്മ കമലമ്മയും അടങ്ങുന്നതാണ് കുടുംബം. ഫോൺ: 9961866667.
""
നൂറാമത് തവണ ആർ.സി.സി യിൽ കാൻസർ ചികിൽസയ്ക്ക് ഗുണകരമായ അതിനൂതന സംവിധാനമായ "അഫരസിസ് " രീതിയിൽ രക്തദാനം നൽകാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നു. ഈ രീതിയിൽ രക്തദാനം ചെയ്യുമ്പോർ എട്ടു രോഗികൾക്ക് പ്രയോജനം ലഭിക്കും. 48 മണിക്കൂർ കഴിഞ്ഞ് വീണ്ടും രക്തദാനം നടത്താം.
മധു