മാവേലിക്കര: സ്വാതന്ത്ര്യ സമര നായകനും സാമൂഹ്യ പരിഷ്കർത്താവും വൈക്കം സത്യഗ്രഹ ഉപജ്ഞാതാവും എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യകാല നേതാവും ഗുരുദേവ ഭക്തനുമായ ദേശാഭിമാനി ടി.കെ. മാധവന് ജന്മനാടിന്റെ ആദരം രേഖപ്പെടുത്താൻ മാവേലിക്കര മുനിസിപ്പൽ പാർക്കിൽ പ്രതിമ സ്ഥാപിക്കണമെന്ന മാവേലിക്കര യൂണിയന്റെയും ടി.കെ. മാധവൻ സ്മാരക ഫൗണ്ടേഷന്റെയും നിവേദനങ്ങൾ തിരസ്കരിച്ച നടപടി അധിക്ഷേപകരമാണെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ദയകുമാർ ചെന്നിത്തല പറഞ്ഞു.
മതസൗഹാർദ്ദത്തിന്റെയും ശ്രീനാരായണ ധർമ്മത്തിന്റെയും ഗാന്ധി ദർശനത്തിന്റെയും മികച്ച പ്രചാരകനും ശക്തനായ വക്താവുമായിരുന്നു ടി.കെ. മാധവൻ. ടി.കെയുടെ ചരിത്രമറിയാത്ത കുരുടന്മാരാണ് ഇത്തരം പരാമർശം നടത്തി നിവേദനങ്ങൾ ചർച്ച ചെയ്ത് തമസ്കരിച്ചത്. നടപടി ശ്രീനാരായണ സമൂഹത്തിന് അപമാനകരമാണെന്നും ഇതിനെതിരെ യൂണിയൻ നടത്തുന്ന പ്രക്ഷോഭത്തിന് പൂർണ പിന്തുണ നൽകുമെന്നും യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജിനെ ഭാരവാഹികൾ അറിയിച്ചു.