പൂച്ചാക്കൽ: അരൂക്കുറ്റി മാത്താനം ഭഗവതി ക്ഷേത്രം പുനർ നിർമ്മിക്കുന്ന ചുറ്റമ്പലത്തിന്റെ ഉത്തരം വയ്പ് ഇന്ന് രാവിലെ 8.30നും 8.55നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ഡോ. ജി. വേണുഗോപാൽ നിർവഹിക്കും. കൃഷ്ണശിലയും മേൽത്തരം തടിയും ഉപയോഗിച്ചാണ് നിർമ്മാണം. ശ്രീകോവിലിന്റെ പണി പൂർത്തിയാക്കി പുനഃപ്രതിഷ്ഠ നടത്തിയിരുന്നു. എട്ടുകോടി രൂപയാണ് ചെലവ്. എസ്.എൻ.ഡി.പി യോഗം അരൂക്കുറ്റി ഭാഗത്തെ ശാഖകളുടെ ഏകോപന സമിതിക്കാണ് ദേവസ്വം ഭരണച്ചുമതല. ക്ഷേത്രാചാര്യൻ അശോകൻ തന്ത്രി വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്ഷേത്ര സ്ഥപതി കൊടുങ്ങല്ലൂർ ദേവദാസ് ആചാരി, കിടങ്ങൂർ മധു ആചാരി, ജയചന്ദ്രൻ ആചാരി തുടങ്ങിയവർ പങ്കെടുക്കും. ദേവസ്വം പ്രസിഡന്റ് കെ.എൻ. മോഹനൻ, സെക്രട്ടറി എം. മുരളീധരൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ വി.കെ. രവീന്ദ്രൻ, കൺവീനർ കെ.പി. നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകും.