ഹരിപ്പാട്: മാവേലിക്കര നഗരസഭയുടെ അധീനതയിലുള്ള ദേശാഭിമാനി ടി.കെ. മാധവൻ സ്മാരക മുനിസിപ്പൽ പാർക്കിൽ ടി.കെ. മാധവന്റെ പ്രതിമ സ്ഥാപിക്കണമെന്ന എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നിവേദനം മുനിസിപ്പൽ കൗൺസിൽ പരിഗണനയ്ക്കെടുത്തപ്പോൾ പ്രതിമ സ്ഥാപിച്ചാൽ മതസൗഹാർദ്ദം തകരുമെന്ന വിചിത്ര വാദം ഉന്നയിച്ചതിൽ ചേപ്പാട് യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.
പിന്നാക്ക വിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി ഗാന്ധിജിയുടെ അനുമതിയോടെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകുകയും അയിത്തോച്ചാടനത്തിനായി പ്രക്ഷോഭം നയിക്കുകയും ചെയ്ത നേതാവായിരുന്നു ടി.കെ. മാധവൻ. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. അശോകൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി. ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ അയ്യപ്പൻ കൈപ്പള്ളി, രഘുനാഥ്, തൃക്കുന്നപ്പുഴ, പ്രസന്നൻ എന്നിവർ പങ്കെടുത്തു.