മാവേലിക്കര: നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കർത്താവുമായ ദേശാഭിമാനി ടി.കെ. മാധവനെ അപമാനിച്ച നടപടി മാപ്പർഹിക്കുന്നില്ലെന്ന് സി.പി.എം മാവേലിക്കര ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നവോത്ഥാന നായകരോടുള്ള ബി.ജെ.പിയുടെ സമീപനമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിനാകെ അഭിമാനമായ ടി.കെ. മാധവന്റെ പ്രതിമ സ്ഥാപിച്ചാൽ മതസൗഹാർദ്ദം തകരുമെന്ന നിലവാരമില്ലാത്ത വാദം പറയാൻ കേരളത്തിൽ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. ആക്ഷേപ പരാമർശത്തിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. വിഷയത്തിൽ മൗനം പാലിച്ച കോൺഗ്രസ് ബി.ജെ.പി നിലപാടിന് പിന്തുണ നൽകുകയാണ്. വൈക്കം സത്യഗ്രഹത്തിനടക്കം നേതൃത്വം നൽകിയ ടി.കെ. മാധവനെ അപമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.