ചേർത്തല: കുട്ടനാടൻ പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിലെ 60 ഷട്ടറുകൾ അടിയന്തരമായി അടയ്ക്കാൻ കളക്ടർ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻജിനിയറിംഗ് വിഭാഗം ഷട്ടറുകൾ അടയ്ക്കുന്നതിന് ക്രമീകരണം ഒരുക്കിയെങ്കിലും ധീവരസഭ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീരുമാനം മാറ്റി. ഏറെ നേരത്തെ വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
സമയക്രമം പാലിച്ച് മോണിറ്ററിംഗ് കമ്മിറ്റി യോഗം വിളിച്ച് ചർച്ചചെയ്തശേഷം മാത്രമേ ഷട്ടറുകൾ അടയ്ക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ധീവരസഭ അറിയിച്ചു. ജില്ലാ സെക്രറട്ടറി എൻ.ആർ. ഷാജി, കോട്ടയം ജില്ലാ ഭാരവാഹികളായ ശിവദാസ് നാരായണൻ, ഇ.എം.ഷാജി, നേതാക്കളായ വി.കെ. സിദ്ധാർത്ഥൻ, സുബ്രഹ്മണ്യൻ, കുഞ്ഞൻ ശ്രീധരൻ, ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.