appa

ആലപ്പുഴ: പിതാവിന്റെ സപ്തതിക്ക് മക്കളുടെ സമ്മാനം സംഗീത ആൽബം. ധനലക്ഷ്മി ബാങ്ക് അസി. മാനേജർമാരായ ശ്രീനേഷും ഗണേഷും ചേർന്നാണ് വെള്ളിയാഴ്ച 70 വയസ് പൂർത്തിയാകുന്ന പിതാവ് ആലപ്പുഴ ചന്ദനക്കാവ് നന്ദനത്തിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ഡി. ലക്ഷ്മണപ്രഭുവിനായി 'അപ്പ' എന്ന സംഗീത ആൽബമൊരുക്കിയത്. കഴിഞ്ഞകൊല്ലം അമ്മ ജയശ്രീ പ്രഭുവിന് വേണ്ടി 'അമ്മ ഓഷ്യൻ ഒഫ് ലവ്' എന്ന പേരിൽ ആൽബം തയ്യാറാക്കിയിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ്. സുദീപ് കുമാർ ആലപിച്ച ഈ ആൽബം ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് പുറത്തിറക്കിയത്. ഗൗഡസാരസ്വത ബ്രാഹ്മണരായ ശ്രീനേഷും ഗണേഷും മാതാപിതാക്കൾക്ക് വേണ്ടി തയ്യാറാക്കിയ ആൽബങ്ങൾ തമിഴിലാണ് ചിട്ടപ്പെടുത്തിയത്. ശ്രീനേഷ് രചിച്ച് സംഗീതം നൽകിയ 'അപ്പ' പ്രവാസിയും ഗായകനുമായ ജയദേവൻ ദേവരാജനാണ് ആലപിച്ചത്.

വിവിധ ഭാഷകളിൽ പതിനഞ്ചിലധികം പാട്ടുകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട് ശ്രീനേഷ് പ്രഭു. ശ്രദ്ധേയമായ മറ്റുചില ആൽബങ്ങളും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ടൊരുക്കിയ 'വിസ്മയ കേരളം' ആയിരുന്നു ആദ്യ ആൽബം. വന നശീകരണത്തിനെതിരെ ആനയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ആനിമേറ്റഡ് ആൽബം 'ഹത കുഞ്ജരം' (സംസ്കൃതം) വേൾഡ് വൈൽഡ് ലൈഫ് സംഘടന അവരുടെ പ്രചാരണത്തിന് വേണ്ടി തിരഞ്ഞെടുത്തിരുന്നു. വിക്ടിം തീം മ്യൂസിക്കിന്റെ 'നിർഭയ', ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി റിലീസ് ചെയ്ത 'വൈറ്റ് ഡോവ് ആൻഡ് ബ്ലാക്ക് ബെറിസ്' (ഇംഗ്ലീഷ്), ജാസി ഗിഫ്ട് ആലപിച്ച 'അരമതിലിലെ കൂനനുറുമ്പ്' തുടങ്ങിയ ആൽബങ്ങളും ശ്രദ്ധേയമായിരുന്നു. ധനലക്ഷ്മി ബാങ്ക് ആലപ്പുഴ കണിച്ചുകുളങ്ങര ബ്രാഞ്ച് അസി. മാനേജരാണ് ശ്രീനേഷ്. ഭാര്യ സ്നേഹപ്രഭ, മക്കൾ: സാൻവിക, സാത്വിക. തൃശൂർ മെയിൻ ബ്രാഞ്ച് അസി. മാനേജരാണ് ഗണേഷ്. ഭാര്യ: വിദ്യ.

കലയെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് കാണുന്നത്. മനസിൽ വരുന്ന വിഷയങ്ങളെ വരികളാക്കും. അമ്മയ്ക്കും അച്ഛനും വേണ്ടി ആൽബം തയ്യാറാക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

ശ്രീനേഷ് പ്രഭു