
അമ്പലപ്പുഴ: വേളാങ്കണ്ണി ബീച്ചിൽ ആത്മഹത്യ ചെയ്യാൻ ചാടിയ കൊച്ചി വൈപ്പിൻ കളരിക്കൽ വീട്ടിൽ സെബാസ്റ്റ്യനെ (73) ജീവകാരുണ്യ പ്രവർത്തകൻ രക്ഷപ്പെടുത്തി പുന്നപ്ര ശാന്തിഭവനിലെത്തിച്ചു. ടൈൽസ് തൊഴിലാളിയായിരുന്ന സെബാസ്റ്റ്യൻ വിദേശത്തും സ്വദേശത്തും ജോലി ചെയ്ത് സമ്പാദിച്ച വീടും സ്ഥലവും മക്കൾ കൈവശപ്പെടുത്തിയതോടെ വീടുവിട്ടിറങ്ങുകയായിരുന്നു.
തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാലുവർഷം മുമ്പ് ഭാര്യ റോസി മരിച്ചതോടെയാണ് ഒറ്റപ്പെട്ടതെന്ന് സെബാസ്റ്റ്യൻ പറയുന്നു. രണ്ട് ആൺമക്കളും ഒരു മകളുമുള്ള സെബാസ്റ്റ്യൻ മാറി മാറി ഓരോ മക്കളുടെയും വീട്ടിൽ താമസിച്ചുവരികയായിരുന്നു. വൃക്ക സംബന്ധമായ രോഗവും പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം അവശനായതോടെ മക്കൾ പുറത്താക്കി. തുടന്നാണ് വീടുവിട്ടിറങ്ങി വേളാങ്കണ്ണിയിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് സെബാസ്റ്റ്യൻ പറയുന്നു. കുറ്റിക്കലിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സെബാസ്റ്റ്യനാണ് വൃദ്ധനെ രക്ഷപ്പെടുത്തി ശാന്തി ഭവനിൽ എത്തിച്ചത്. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സെബാസ്റ്റ്യനെ സ്വീകരിച്ചു.