fire

ആലപ്പുഴ: സമയം ഇന്നലെ രാവിലെ 8.35. പുന്നമടയിൽ സഞ്ചാരികളുമായി പുറപ്പെട്ട ഹൗസ്ബോട്ടിന് തീപിടിച്ചെന്ന സന്ദേശവുമായി ജില്ലാ ഫയർ സ്റ്റേഷനിൽ ഫോൺവിളിയെത്തി. ഉടൻ ജീവനക്കാർ പുതുതായി ലഭിച്ച നാല് ഫ്‌ളഡ് ഡിസാസ്റ്റർ റസ്‌ക്യൂ ബോട്ടിലേറി ദുരന്ത സ്ഥലത്തേക്ക് കുതിച്ചു.

ഒപ്പം മുങ്ങൽ വിദഗ്ദ്ധരുമായി സ്കൂബാ ബോട്ടും. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലെത്തിക്കാൻ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഫയർഫോഴ്സിന്റെ ആംബുലൻസും എത്തിച്ചു. കായൽപ്പരപ്പിൽ കത്തിയ ഹൗസ് ബോട്ടിലെ രണ്ട് യാത്രക്കാർ രക്ഷപ്പെടാൻ കായലിൽ ചാടി.

മുങ്ങൽ വിദഗ്ദ്ധർ ഇവരെ രക്ഷപ്പെടുത്തി ഫ്‌ളഡ് ഡിസാസ്റ്റർ റസ്‌ക്യൂ ബോട്ടിൽ കയറ്റി. ബോട്ട് അതിവേഗം തീരത്തെത്തി ഇരുവരെയും ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫ്‌ളഡ് ഡിസാസ്റ്റർ റസ്‌ക്യൂ ബോട്ടിലെത്തിയ നാല് ജീവനക്കാർ ഹൗസ് ബോട്ടിൽ കയറി തീ അണച്ചു. സംഭവം കണ്ട് ജനം പരിഭ്രാന്തരായി.

ഫയർഫോഴ്സിന് അനുവദിച്ച 14 ഫ്‌ളഡ് ഡിസാസ്റ്റർ റസ്‌ക്യൂ ബോട്ടുകളുടെ വർക്കിംഗ് എക്‌സർസൈസും ജല അപായങ്ങൾ സംബന്ധിച്ച മോക്ഡ്രില്ലുമായിരുന്നു ഇന്നലെ പുന്നമടയിലെ ഫിനിഷിംഗ് പോയിന്റിൽ നടന്നത്.

സേന ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ മാസ്ഡ്രില്ലിൽ സല്യൂട്ട് സ്വീകരിച്ചു. ഡയറക്ടർ ടെക്‌നിക്കൽ എം. നൗഷാദ്, ഡയറക്ടർ അഡ്മിനിസ്‌ട്രേഷൻ അരുൺ അൽഫോൺസ്, മുൻ സംസ്ഥാന പൊലീസ് മേധാവി ഹോർമിസ് തരകൻ, ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്, ടൂറിസം പൊലീസ്, ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, സബ് ഇൻസ്‌പെക്ടർ പി. ജയറാം, റീജിയണൽ ഫയർ ഓഫീസർ അരുൺകുമാർ, റീജിയണൽ ഫയർ ഓഫീസർ സിദ്ധകുമാർ, ഫോർട്ട് കൊച്ചി- ജലസുരക്ഷാ പരിശീലന കേന്ദ്രം മേധാവി രാജേഷ്, ജില്ലാ ഫയർ ഓഫീസർ കെ.ആർ. അഭിലാഷ്, ജലസുരക്ഷാ പരിശീലന കേന്ദ്രം ഡി.എഫ്.ഒ പ്രതാപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.