ഹരിപ്പാട്: വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളിയും അയിത്തോച്ചാടന പ്രക്ഷോഭ നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ടി. കെ മാധവന്റെ പ്രതിമ അദ്ദേഹം ജനിച്ച മാവേലിക്കരയുടെ മണ്ണിൽ സ്ഥാപിക്കുന്നതിൽ വർഗീയത കാണുന്ന മാവേലിക്കര മുനിസിപ്പൽ അംഗത്തിന്റെ നടപടിയിൽ എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രതിഷേധിച്ചു. മാവേലിക്കര യൂണിയൻ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപ്പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എം. സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി. സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ. സി.എം ലോഹിതൻ, ഡോ.ബി. സുരേഷ്‌കുമാർ, കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി.മുരളി, പി. എസ്. അശോക് കുമാർ, ദിനു വാലു പറമ്പിൽ, ഡി. ഷിബു, കെ.സുധീർ എന്നിവർ സംസാരിച്ചു.