road

മാന്നാർ : വർഷങ്ങളായി തകർന്ന് കിടന്ന മാന്നാർ അഞ്ചാം വാർഡായ ടൗൺ വാർഡിലെ പ്രധാന പഞ്ചായത്ത് റോഡുകളായ തൃക്കുരട്ടി മഹാദേവക്ഷേത്രം കിഴക്കേനട-പൊലീസ് സ്റ്റേഷൻ-സലഫി മസ്ജിദ്, പരുമലക്കടവ്-മുല്ലശ്ശേരി-കടപ്രമഠം ജംഗ്ഷൻ എന്നീ റോഡുകൾക്ക് നീണ്ട കാത്തിരിപ്പിനു ശേഷം ശാപമോക്ഷം. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും ആരോപണ പ്രത്യാരോപണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത റോഡുകളാണ് ഇവ. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പാസാക്കുകയും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിനു തൊട്ടു മുമ്പായി നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കൊവിഡും ലോക് ഡൗണും പ്രളയവും മറ്റുമായി പ്രവൃത്തികൾ നീണ്ടു പോയെന്ന് തുടർച്ചയായി രണ്ടാമതും വാർഡ് മെമ്പറായ ഷൈന നവാസ് പറഞ്ഞു. തൃക്കുരട്ടിക്ഷേത്രം കിഴക്കേനട-സലഫി മസ്ജിദ് വരെയും, പരുമലക്കടവ്-കടപ്രമഠം റോഡിൽ അഞ്ചാം വാർഡിൽപ്പെട്ട കോളച്ചാൽ കലുങ്ക് വരെയുമുള്ള രണ്ട് റോഡുകൾക്കും പ്രളയ വിഹിതവും പഞ്ചായത്ത് വികസന ഫണ്ടും ചേർത്തുള്ള 9 .30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനം നടത്തുന്നത്.