ചേർത്തല:കുട്ടനാടൻ പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ അടച്ചുതുടങ്ങി.കുട്ടനാട്ടിലെ അടിയന്തര സാഹചര്യം നേരിടാൻ 60 ഷട്ടറുകൾ അടിയന്തിരമായി അടക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി തന്നെ എൻജീനിയറിംഗ് വിഭാഗം ഷട്ടറുകൾ അടക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയെങ്കിലും ധീവരസഭ പ്രതിഷേധവുമായി രംഗത്തുവന്നതോടെ പ്രവർത്തനങ്ങൾ നിർത്തിയിരുന്നു.
എന്നാൽ തിങ്കളാഴ്ച രാവിലെ വീണ്ടും പ്രവർത്തനങ്ങൾ തുടങ്ങി 15 ഷട്ടറുകൾ അടച്ചു.ഇതിനിടെ ധീവരസഭ പ്രതിഷേധവുമായെത്തിയത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും സ്ഥലത്തെത്തി സംരക്ഷണമൊരുക്കി.ഓരുവിഷയത്തിലല്ല കുട്ടനാട്ടിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം നിർത്തിയത്.
ചൊവ്വാഴ്ചയോടെ 60 ഷട്ടറുകളും അടക്കും.ഇതിനുളള ക്രമീകരണങ്ങൾ പൂർത്തിയായതായി ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ പ്രദീപ് പറഞ്ഞു.വേലിയേറ്റത്തിന്റെ ഭാഗമായുള്ള ക്രമീകരണമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.