മാവേലിക്കര: ടി.കെ.മാധവന്റെ പ്രതിമ സ്ഥാപിക്കുന്നത് വിവാദത്തിലൂടെ ആകരുതെന്നുള്ളതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട അജണ്ട കൗൺസിൽ യോഗത്തിൽ മാറ്റിവച്ചതെന്ന് കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം അറിയിച്ചു. ടി.കെ.മാധവന്റെ പ്രതിമ സ്ഥാപിച്ചാൽ മത സൗഹാർദ്ദം തകരുമെന്നും അജണ്ടയിൽ നിന്നും ഇത് മാറ്റണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി അംഗത്തെ സംരക്ഷിച്ചു കൊണ്ട് ബി.ജെ.പി പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ പ്രതിമ സ്ഥാപിക്കുന്നതിന് എതിരെ നിലപാടെടുത്ത അംഗത്തിനെതിരെ നടപടി എടുക്കാൻ തയ്യാറാകണം.

കോൺഗ്രസ് ഭരണകാലത്താണ് മുനിസിപ്പൽ പാർക്കിന് ടി.കെ.മാധവന്റെ നാമകരണം നടന്നത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ടി.കെ.മാധവന്റെ പ്രതിമ സ്ഥാപിക്കാനുള്ള എസ്.എൻ.ഡി.പി യോഗം യൂണിയന്റെ അഭ്യർത്ഥന അജണ്ടയാക്കിയതെന്നും യോഗത്തിൽ പറഞ്ഞു.

യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ നൈനാൻ സി.കുറ്റിശ്ശേരിൽ അധ്യക്ഷനായി. കെ.പി.സി.സി അംഗം അഡ്വ.കുഞ്ഞുമോൾ രാജു, പാർലമെന്ററി പാർട്ടി ഡപ്യൂട്ടി ലീഡർ സജീവ് പ്രായിക്കര, സെക്രട്ടറി അനിവർഗീസ്, ചീഫ് വിപ്പ് കെ.ഗോപൻ, ട്രഷറർ കൃഷ്ണകുമാരി, നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ
ലളിതാരവീന്ദ്രനാഥ്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, കൗൺസിലർമാരായ മനസ്സ് രാജൻ, ലത മുരുകൻ എന്നിവർ സംസാരിച്ചു.