bus

ആലപ്പുഴ: കല്യാണം, തീർത്ഥാടനം, സ്കൂൾ ഉല്ലാസയാത്രകൾ എന്നിവയെല്ലാം കൊവിഡിൽ നിലച്ചതോടെ കട്ടപ്പുറത്തായ ടൂറിസ്റ്റ് ബസുകൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഓടാൻ തയ്യാറെടുക്കുന്നു. കടക്കെണിയിൽ നിന്ന് പതിയെ കരകയറാമെന്ന പ്രതീക്ഷയിലാണ് മേഖലയിൽ പണിയെടുക്കുന്നവർ.

തീർത്ഥാടന കാലം ആരംഭിച്ചതും മേഖലയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. കല്യാണത്തിന് 300 പേർ പങ്കെടുക്കുമ്പോൾ സ്വകാര്യ വാഹനത്തിനൊപ്പം ടൂറിസ്റ്റ് ബസുകൾക്കും ആവശ്യക്കാർ വർദ്ധിക്കും. എന്നാൽ പല ബസുകളും ഓടിത്തുടങ്ങണമെങ്കിൽ നല്ലൊരു തുക ചെലവാക്കേണ്ടിവരും.

കൊവിഡ് ആദ്യതരംഗം മുതൽ ബസ് മേഖല പൂർണമായും നിശ്ചലമായിരുന്നു. പതിയെ കരകയറി വന്നപ്പോഴാണ് രണ്ടാം തരംഗം ശക്തമായത്. ഓട്ടം നിലച്ച് പ്രതിസന്ധി ശക്തമായതോടെ പലരും ബസുകൾ വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവരിൽ പലരും ടൂറിസ്റ്റ് - സ്വകാര്യ ബസ് സർവീസുകൾ നടത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്.

ചടങ്ങുകൾക്ക് നിയന്ത്രണം വന്നതോടെയാണ് ഓട്ടം നിലച്ചത്. ഇതോടെ ലോൺ അടവ് ഉൾപ്പെടെ മുടങ്ങി. സീസൺ ഓട്ടം ലഭിച്ചിട്ട് വർഷം രണ്ടാകുന്നുവെന്ന് മേഖലയിലുള്ളവർ പറയുന്നു. പുതിയ ഇളവുകൾ മേഖലയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

നിരത്തിലിറങ്ങാൻ വേണം ലക്ഷങ്ങൾ

1. ബസുകൾ ഷെഡിലായിട്ട് രണ്ടുവർഷം

2. ബാറ്ററിയും ടയറുകളും മാറണം

3. എൻജിൻ ക്ഷമത പരിശോധിക്കണം

4. വെയിലും പൊടിയുമേറ്റ് ദ്രവിച്ച സീറ്റുകൾ നന്നാക്കണം

5. ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണം

6. റോഡ് ടാക്സ്, ഇൻഷ്വറൻസ് അടക്കമുള്ളവ അടയ്ക്കണം

''''

കൊവിഡിനെ തുടർന്ന് രണ്ടുവർഷമായി ഓട്ടം ലഭിച്ചിട്ട്. പല കുടുംബങ്ങളും പട്ടിണിയിലാണ്. പലരും ഡ്രൈവിംഗ് തൊഴിൽ ഉപേക്ഷിച്ച് കെട്ടിട നിർമ്മാണ ജോലിയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. പുതിയ ഇളവുകൾ പ്രതീക്ഷ നൽകുന്നു.

രാജേഷ്, വിനായക ട്രാവത്സ് ഉടമ