# ജംഗ്ഷനുകളിൽ അപകടങ്ങൾ വർദ്ധിച്ചു
ആലപ്പുഴ: തുരുമ്പെടുത്ത് ദ്രവിച്ചതും പെയിന്റ് നഷ്ടപ്പെട്ടതുമായ സൈൻബോർഡുകൾ യാത്രക്കാരെ വഴിതെറ്റിച്ചിട്ടും മാറ്റിസ്ഥാപിക്കാൻ നടപടിയില്ല. നഗരത്തിലെത്തുന്ന ദീർഘദൂര വാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പല ബോർഡുകളും പെയിന്റ് നഷ്ടപ്പെട്ട് സൂചനകൾ കാണാൻ കഴിയാത്ത വിധമായിട്ടുണ്ട്.
സൈൻ ബോർഡുകൾ ഇല്ലാത്തതിനാൽ വശങ്ങളിലെ റോഡുകളിൽ നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. നഗരത്തിൽ കൊമ്മാടി, ശവക്കോട്ട പാലം എന്നിവിടങ്ങളിൽ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനൊപ്പം സൂചനാ ബോഡുകൾ കൂടി സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
അർദ്ധരാത്രിയിലും പുലർച്ചെയും ജംഗ്ഷനുകളിൽ അപകടങ്ങളും പതിവായിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡിലേക്കെത്താൻ നിരവധി ഇടറോഡുകളാണുള്ളത്. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ ഇടറോഡുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. സൈൻബോർഡുകൾ ഇല്ലാത്തതിനാൽ ഇടറോഡുകളിലെ യാത്രയും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്.
നഗരത്തിലെത്തിയാൽ വഴിതെറ്റും
1. വിനോദ സഞ്ചാരികളും പെരുവഴിയിൽ
2. നഗരം ചുറ്റി അന്യസംസ്ഥാന വാഹനങ്ങളും
3. ഇത് തിരക്ക് വർദ്ധിപ്പിക്കുന്നത് കാരണമായി
4. ശവക്കോട്ടപ്പാലത്തിലും വൈ.എം.സി.എ ജംഗ്ഷനിലും കുരുക്ക്
5. നഗരത്തിലെ രാത്രി യാത്രയും ക്ളേശകരം
രാത്രിയിലും കുരുക്ക്
പ്രധാന ജംഗ്ഷനുകളിൽ രാത്രികാലങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന്റെ സേവനം ലഭിക്കുന്നില്ല. ഇരുമ്പ് പാലം, ശവക്കോട്ടപാലം, പിച്ചു അയ്യർ ജംഗ്ഷൻ, ജില്ലാകോടതി, കൈചൂണ്ടി മുക്ക് എന്നിവിടങ്ങളിലാണ് പകലും രാത്രിയിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
""
ജീവനക്കാരുടെ കുറവ് മൂലമാണ് ട്രാഫിക് നിയന്ത്രണം പാളുന്നത്. അത്യാവശ്യ ജംഗ്ഷനുകളിൽ രാത്രിയിലും പൊലീസിന്റെ സേവനം ലഭ്യമാക്കാൻ ശ്രദ്ധിക്കാറുണ്ട്.
ട്രാഫിക് പൊലീസ്