ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും എയ്ഡ് പോസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നവാസ് കോയ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനം നൽകി.

ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ നിലവിൽ രാത്രി ഡ്യൂട്ടിയിൽ ഉളള മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് അത്യാവശ്യകാര്യങ്ങൾക്കായി വിളിക്കാറുണ്ട്. രാത്രികാലങ്ങളിൽ അപകടങ്ങളിൽപ്പെട്ടവരെയും മറ്റ് രോഗികളെയും കൊണ്ട് വരുന്ന ബന്ധുക്കൾ ഡോക്ടർമാരോടും മറ്റ് ജീവനക്കാരോടും തട്ടിക്കയറുമ്പോൾ തടയാനുള്ള ആൾബലം പാെലീസിനുണ്ടാകാറില്ല. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ടാൽ രോഗികളുടെ ഒപ്പമുള്ളവർ കയർത്തു സംസാരിക്കുകയും ചെയ്യും. ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.