ആലപ്പുഴ : കൈഞരമ്പ് മുറിച്ച് കടലിൽ ചാടിയ യുവതിയെ ടൂറിസം പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെ കടപ്പുറത്തെ കാറ്റാടിക്കാടിന്റെ ഭാഗത്താണ് സംഭവം. ഭർത്താവിനൊപ്പം അനുരഞ്ജന ചർച്ചയ്ക്കെത്തിയതാണ് യുവതി എന്നാണ് പൊലീസിന് ലഭിച്ച വിവരം. രാവിലെ 7 മണി മുതൽ ഇരുവരെയും പ്രദേശത്ത് കണ്ടവരുണ്ട്. ചർച്ചയ്ക്കിടെയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസം പൊലീസ് ഇത് കണ്ട് ഓടിയെത്തുകയായിരുന്നു. കോസ്റ്റ് വാർഡൻ രഞ്ജിത്താണ് യുവതിയെ വെള്ളത്തിൽ നിന്ന് രക്ഷിച്ചത്. യുവതിയുടെ പരിക്ക് സാരമുള്ളതല്ല. യുവതിക്ക് വിശദമായ കൗൺസിലിംഗ് നൽകുന്നതിനായി വനിതാ സ്റ്റേഷനിലേക്ക് കൈമാറിയതായി ടൂറിസം പൊലീസ് അറിയിച്ചു. ടൂറിസം എസ്.ഐ പി.ജയറാം, സീനിയർ സി.പി.ഒ സീമ, കോസ്റ്റ് വാർഡൻ രഞ്ജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.