ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങളിൽ പൊതുവായി വന്ന ഇളവുകൾ പ്രതീക്ഷിച്ച് മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് കച്ചവടം ലക്ഷ്യമാക്കി ഉത്തരേന്ത്യക്കാരെത്തി. വഴിയോരങ്ങളിലിരുന്നും കാൽനടയായും കച്ചവടം നടത്തുന്ന സംഘങ്ങളാണ് സകുടുംബം എത്തിയത്.
താത്കാലിക കടകൾ കെട്ടിയുള്ള കച്ചവടത്തിന് കർശന നിരോധനമുള്ളതിനാൽ ഇവരിൽചിലർ തിരികെ പോയി. കുട്ടികൾക്കുള്ള പാവകൾ, ബലൂണുകൾ, പെൺകുട്ടികൾക്ക് കൈയിലണിയാൻ കെമിക്കൽ മൈലാഞ്ചി, രാജസ്ഥാനി മോഡൽ കമ്മലുകൾ, മാലകൾ, കുങ്കുമം തുടങ്ങിയവ ചിറപ്പിന്റെ പതിവ് കാഴ്ചയാണ്. ചിറപ്പുത്സവത്തിന്റെ അടയാളങ്ങളായ പോപ്പ് കോൺ കടകളും വളക്കടകളും, ബജിക്കടകളും ഇത്തവണ പരിധിക്ക് പുറത്താണ്. ഉത്സവം കൊടിയേറുന്ന ഇന്ന് മുതൽ കച്ചവടം ഉഷാറാകും എന്നാണ് പ്രതീക്ഷ. മുല്ലയ്ക്കൽ നഗരവീഥികൾ തോരണങ്ങൾ കൊണ്ട് പൂർണമായി അലങ്കരിച്ചിട്ടുണ്ട്. എ.വി.ജെ ജംഗ്ഷനിലെ റോഡ് പണി അതിവേഗത്തിൽ പുരോഗമിക്കുന്നു. ഉത്സവം പ്രമാണിച്ച് റോഡിൽ വൺ ലെയർ ടാറിംഗ് നടത്തി.