മാവേലിക്കര : താലൂക്ക് സഹകരണ ബാങ്കിലെ നിക്ഷേപക കൂട്ടായ്മ സി.പി.എമ്മിന്റെ കൈയിലെ കളിപ്പാവയായി മാറിയെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ 70 ശതമാനത്തിലധികം സഹകരണ സംഘങ്ങൾ ഭരിക്കുന്ന സി.പി.എം താലൂക്ക് സഹകരണ ബാങ്കിനെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന സമരം അധാർമ്മികവും തീക്കൊള്ളി കൊണ്ട് പുറം ചൊറിയുന്നതിന് സമവുമാണ്.
താലൂക് സഹകരണ ബാങ്കിന്റെ 10 ശാഖകളിൽ ഒൻപതിടത്തും നിക്ഷേപത്തിന് 8 ശതമാനം പലിശ നൽകിയിരുന്നപ്പോൾ തഴക്കര ശാഖയിൽ 12 മുതൽ 15 ശതമാനം വരെ പലിശ ലഭിക്കുമെന്ന അതിമോഹത്തിൽ നിക്ഷേപം നടത്തിയവരാണ് ഇപ്പോൾ മറ്റു ശാഖകൾക്ക് മുന്നിൽ സമരം നടത്തുന്നത്.
കേസന്വേഷണം പൂർത്തിയാക്കി തഴക്കര ശാഖയിലെ യഥാർത്ഥ നിക്ഷേപകരെയും വ്യാജ നിക്ഷേപകരെയും കണ്ടെത്താൻ 5 വർഷം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തഴക്കര ശാഖയിലെ നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സഹകരണ മന്ത്രിക്കും, രജിസ്ട്രാർക്കും, ജോയിന്റ് രജിസ്ട്രാർക്കും ഭരണസമിതി സമർപ്പിച്ചിട്ടുള്ള പാക്കേജിന് അംഗീകാരം നൽകുവാൻ സർക്കാരിനോട് ശുപാർശ ചെയ്യുവാനുള്ള ആർജ്ജവമാണ് സി.പി.എം പ്രാദേശിക നേതാക്കൾ കാണിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.