ആലപ്പുഴ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആലപ്പുഴ ബീച്ചിൽ ആത്മഹത്യാശ്രമം നടത്തിയത് ഏഴ് പേർ. കഴിഞ്ഞ ദിവസം ഭർത്താവുമായി പിണങ്ങി യുവതി കൈഞരമ്പ് മുറിച്ചശേഷം കടലിൽ ചാടിയതാണ് ഒടുവിലത്തെ സംഭവം. ടൂറിസം പൊലീസാണ് യുവതിയെ രക്ഷിച്ചത്.
അടുത്തിടെ ആത്മഹത്യാ ശ്രമം നടത്തിയ എല്ലാവരെയും ലൈഫ് ഗാർഡുകളുടെയും ടൂറിസം പൊലീസിന്റെയും സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും ബീച്ചിലെ സുരക്ഷാ ഭീഷണി വലിയൊരു വെല്ലുവിളിയാണ്. വിജയ് പാർക്കിന് സമീപം കാറ്റാടി മരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഭാഗമാണ് ഏറ്റവും സുരക്ഷാപ്രശ്നം നേരിടുന്നത്. പകൽ സമയത്ത് ലൈഫ് ഗാർഡുമാരുടെയും, രാത്രി ടൂറിസം പൊലീസിന്റെയും സേവനമാണ് തീരത്തുള്ളത്. സഞ്ചാരികൾ കൂടുതലെത്തുന്ന പകൽ സമയത്ത് അഞ്ച് ഗാർഡുകൾതീരത്തും ടൂറിസം പൊലീസ് പരിസരപ്രദേശങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും. രാത്രി ടൂറിസം പൊലീസും കോസ്റ്റ് വാർഡനും ചേർന്ന സംഘമാണ് നിരീക്ഷണത്തിനുണ്ടാവുക.
മറയാകുന്നത് കാറ്റാടി മരങ്ങളും
വെളിച്ചമില്ലാത്തതും
കുട്ടികളുടെ പാർക്കിന് സമീപത്തെ കാറ്റാടി മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഭാഗത്ത് ആവശ്യത്തിന് വെളിച്ചമില്ല. ഇതാണ് ലഹരി സംഘങ്ങൾക്കും ആത്മഹത്യ ചെയ്യാനെത്തുന്നവർക്കും തരമാകുന്നത്. കാറ്റാടിക്ക് സമീപമുള്ള തോടിനോട് ചേർന്ന വഴിയിലൂടെയാണ് ഇവർ പ്രവേശിക്കുന്നത് പലപ്പോഴും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടില്ല. നഗരസഭയോ, ടൂറിസം വകുപ്പോ അടിയന്തിരമായി ഇടപെട്ട് പ്രദേശത്ത് വെളിച്ചം ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ആവശ്യം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെമാത്രാണ് ലൈഫ് ഗാർഡുകളുടെ ഡ്യൂട്ടി സമയം. ലൈഫ് ഗാർഡുകളെപ്പോലെ രക്ഷാപ്രവർത്തനത്തിൽ പ്രാഗത്ഭ്യമില്ലാത്തത് പലപ്പോഴും അസമയങ്ങളിൽ പൊലീസിന് തലവേദനയാകുന്നുണ്ട്. ഇപ്പോൾ വൈകിട്ട് 6.30ന് ശേഷം തീരത്തിറങ്ങാൻ സഞ്ചാരികളെ അനുവദിക്കാറില്ല.
മൂന്ന് മാസം - 7 ആത്മഹത്യാശ്രമങ്ങൾ
ബീച്ച് നീളം - 1.5 കിലോ മീറ്റർ
കാറ്റാടി പ്രദേശത്തെ വിജനതയാണ് കുറ്റകൃത്യങ്ങൾക്ക് തരമാകുന്നത്. ഇവിടെ ലൈറ്റ് സ്ഥാപിച്ചാൽ വലിയൊരു പരിധി വരെ സാമൂഹ്യ വിരുദ്ധരെയടക്കം തുരത്താനാകും. നീന്തൽ അറിയുന്ന ജീവനക്കാരുണ്ടായിരുന്നതു കൊണ്ടാണ് കഴിഞ്ഞദിവസങ്ങളിൽ കടലിൽ ചാടിയ പലരെയും രക്ഷിക്കാൻ സാധിച്ചത്
- ടൂറിസം പൊലീസ്
ദൈർഘ്യമേറിയ ബീച്ചിൽ ഒരേ സമയം എല്ലായിടത്തും സുരക്ഷയൊരുക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. കാറ്റാടി ഭാഗത്ത് വെളിച്ചം വന്നാൽ പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരമാകും
- ലൈഫ് ഗാർഡുകൾ