
അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് മുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാറോടിച്ചിരുന്ന പുന്നപ്ര കൊടിവീട്ടിൽ ഹരിചന്ദയ്ക്ക് (22) പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേയ്ക്ക് ഡീസൽ നൽകിയശേഷം എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ലോറിയുടെ മുൻവശം തകർന്ന് കൂളന്റ് റോഡിൽ പരന്നു. കാറിൽ നിന്ന് പുക പരന്നത് പരിഭ്രാന്തി പരത്തി. പുന്നപ്ര പൊലീസും ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റുമെത്തി ഫോം പമ്പ് ചെയ്ത് സുരക്ഷിതമാക്കി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എച്ച്. സതീശന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ടി.ജെ. ജിജോ, ബി. സന്തോഷ് കുമാർ, ജി. ഷൈജു, വി.എ. വിജയ്, സാനിഷ് മോൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുന്നപ്ര പൊലീസ്, ഹൈവേ പൊലീസ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.