ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളിൽ മദ്ധ്യഭാഗത്തുള്ള 70 എണ്ണം പൂർണമായി അടച്ചിടാനും ബാക്കിയുള്ളവ വേലിയേറ്റവും ഇറക്കവും അനുസരിച്ച് നിയന്ത്രിക്കാനും ജില്ലാ കളക്ടർ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബണ്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു. വൃശ്ചിക വേലിയേറ്റം മൂലം കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ബണ്ട് പൂർണമായി അടച്ചിടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി. വേമ്പനാട്ടു കായലിലെ എക്കലും ചെളിയും നീക്കം ചെയ്ത് ആഴംകൂട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പു മേധാവികളുടെ യോഗം അടിയന്തരമായി ചേരാനും സമിതി തീരുമാനിച്ചു.