
മാന്നാർ: പ്രൊഫഷണൽ ഫുട്‍ബാൾ ക്ലബായ ഡിപ്പോർട്ടീവോ ലാവിർജെൻ ഡെൽ കാമിനോവിൽ പരിശീലനത്തിന് സ്‌പെയിനിലേക്ക് പറന്ന മാന്നാർ കുട്ടമ്പേരൂർ പുതുപ്പള്ളിൽ പ്രകാശ് - രജനി ദമ്പതികളുടെ മകൻ പി.ആർ. ആദർശിന് പോർച്ചുഗീസ് ക്ലബായ അമോറ എഫ്.സിയിൽ നിന്ന് കരാർ ഒപ്പിടാനുള്ള ഓഫർ ലഭിച്ചു.
ആദർശ് തന്നെയാണ് മന്ത്രി സജി ചെറിയാനെയും തന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും സന്തോഷ വാർത്ത ഫോണിൽ വിളിച്ച് അറിയിച്ചത്. വീട്ടുകാരും ഏറെ സന്തോഷത്തിലാണ്. സ്പെയിനിലെ പരിശീലനത്തിൽ നന്നായി കളിക്കാൻ സാധിച്ചാൽ ക്ലബുകളുടെ ശ്രദ്ധയിൽപ്പെടാനും കരാർ ലഭിക്കാനും സാദ്ധ്യതയുണ്ടെന്ന് ആദർശ് സ്പെയിനിലേക്ക് യാത്രതിരിക്കും മുമ്പ് പറഞ്ഞിരുന്നു.
പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ക്ലബാണ് അമോറ എഫ്.സി. പലതവണ ഒന്നാം ഡിവിഷൻ ലീഗിൽ കളിച്ചിട്ടുള്ള ക്ലബ് കൂടിയാണ് അമോറ. സ്പെയിനിലെ മൈനസ് ഡിഗ്രിയിലുള്ള കാലാവസ്ഥയിൽ കടുത്ത പരിശീലനം നടത്തി കഴിവ് തെളിയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ് ആദർശ്. പോർച്ചുഗലിലേക്ക് പോകാൻ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആദർശ് ഉടൻ നാട്ടിലേക്ക് മടങ്ങിയെത്തും.
""
ഇനിയും ഉയരങ്ങളിലെത്താൻ ആദർശിന് കഴിയും. അതിനുള്ള ആത്മവിശ്വാസം ആദർശിനുണ്ട്. പോർച്ചുഗൽ ക്ലബിൽ കരാർ ലഭിച്ചതിൽ സന്തോഷമുണ്ട്.
സജി ചെറിയാൻ, മന്ത്രി