ഹരിപ്പാട്: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ ചേപ്പാട് എൻ.ടി.പി.സി കാമ്പസിലെ സ്കൂൾ അടച്ചുപൂട്ടാനുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും സ്കൂൾ നിലനിർത്തുന്നതിന് ആവശ്യമായ സ്പോൺസർഷിപ്പ് ഉറപ്പാക്കി വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ഹരിപ്പാട് നഗരസഭ ആവശ്യപ്പെട്ടു. കെ.വി പേരന്റ്സ് അസോസിയേഷൻ ചെയർമാൻ അഡ്വ.വി.ഷുക്കൂർ ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.എം രാജുവിന് നിവേദനം നല്കിയതിനെ തുടർന്നാണ് നഗരസഭയിൽ പ്രമേയം അവതരിപ്പിക്കാൻ അനുവാദം നല്കിയത്. നഗരസഭാ കൗൺസിലറും കേന്ദ്രീയ വിദ്യാലയം പൂർവ്വ വിദ്യാർത്ഥിയുമായ നഗരസഭാ 10-ാം വാർഡ് കൗൺസിലർ അനസ് എ. നസിം പ്രമേയം അവതരിപ്പിക്കുകയും 23-ാം വാർഡ് കൗൺസിലർ കെ.കെ.രാമകൃഷണൻ പ്രമേയത്തിന്റെ അനുവാദകനാകുകയും ചെയതു. നഗരസഭാ കൗൺസിൽ ഐക്കണ്ഠേന പാസ്സാക്കിയ പ്രമേയം കേന്ദ്ര സംസ്ഥാന സർക്കാരുകളിലേക്ക് അയച്ച് കൊടുക്കാനും തീരുമാനിച്ചു.