ആലപ്പുഴ: പറവൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ടിങ്കറിംഗ് ലാബ് പ്രവർത്തനം ആരംഭിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് സജ്ജമാക്കിയ ലാബ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അപ്പർ പ്രൈമറി തലം മുതൽ കുട്ടികളിൽ ഗവേഷണ അഭിരുചി വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂതന സംവിധാനമാണിത്. നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താനും പ്രശ്‌നപരിഹാരമികവ്, സർഗാത്മകത, നേതൃപാടവം, ക്രിയാത്മക ചിന്ത എന്നിവ വളർത്താനും സംവിധാനം സഹായകമാകും.

കോഡിംഗ്, ത്രീഡി പ്രിന്റിംഗ്, സെൻസർ ടെക്നോളജി, റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയവ ടിങ്കറിംഗ് ലാബിലുടെ കുട്ടികൾക്ക് അടുത്തറിയാനാകും.

സ്‌കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡി.കെ. രജനീഷ് പദ്ധതി വിശദീകരിച്ചു. എസ്.എം.സി ചെയർമാൻ എസ്. രാജേഷ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എ. സിന്ധു, സ്‌കൂൾ പ്രിൻസിപ്പൽ എ. സുമ, ഹെഡ്മാസ്റ്റർ വി.എസ്. സന്നു തുടങ്ങിയവർ പങ്കെടുത്തു.