
ചേർത്തല: വയലാർ പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. വയലാർ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ
കെ. ആർ. രാജേന്ദ്രപ്രസാദ്, മധു വാവക്കാട്, ജോണി തച്ചാറ, ടി.എച്ച്.സലാം, എ.കെ.ഷെരീഫ്, ടി. എസ്. ബാഹുലേയൻ, എ.പി. ലാലൻ, ആന്റണി പട്ടശേരി, ഡോ. കെ.ജെ. കുര്യൻ, ഘടക കക്ഷി നേതാക്കളായ പി.വി. പുഷ്പാംഗധൻ, കുട്ടികൃഷ്ണൻ,പീതാംബരൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മധുജിത് വാവക്കാട് തുടങ്ങിയവർ സംസാരിച്ചു.
വയലാർ നാഗംകുളങ്ങരകവലയിൽ നിന്നും മണ്ഡലം പ്രസിഡന്റ് എ.കെ. ഷെരീഫിന്റെയും പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ,സാബു, ജയലേഖ, കെ.ജി. അജിത്, ദീപക് ബി.ദാസ് എന്നിവരുടെയും നേതൃത്വത്തിൽ പ്രകടനമായിട്ടാണ് പ്രവർത്തകർ എത്തിയത്.
ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും ഒഴിവുകൾ നികത്തുക,വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പ്രധാന തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുക, ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളിൽ വീഴ്ചവരുത്തുന്ന ഭരണാധികാരികളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ.