മാവേലിക്കര : ഒരാഴ്ച നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ, മുനിസിപ്പൽ പാർക്കിൽ ടി.കെ.മാധവന്റെ പ്രതിമ സ്ഥാപിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഇന്നലെ രാവിലെ നടന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. പ്രതിമ സ്ഥാപിക്കുവാനുള്ള സ്ഥലം കണ്ടെത്താൻ നഗരസഭ സ്റ്റിയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി. പ്രതിമ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ ബി.ജെ.പി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് പ്രകാരമാണ് അടിയന്തര കൗൺസിൽ ചേർന്നത്. ഒരു അജണ്ട മാത്രമാണ് ഇന്നത്തെയോഗത്തിൽ ഉണ്ടായിരുന്നത്. 11 മണിക്ക് ആരംഭിച്ച കൗൺസിൽ യോഗം മിനിട്ടുകൾക്കുള്ളിൽ തീരുമാനമെടുത്ത് പിരിഞ്ഞു. നഗരസഭയുടെ അധീനതയിലുള്ള ദേശാഭിമാനി ടി.കെ. മാധവൻ സ്മാരക മുനിസിപ്പൽ പാർക്കിൽ ടി.കെ. മാധവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനാണ് നിവേദനം നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മുനിസിപ്പൽ പാർക്കിൽ ടി.കെ.മാധവന്റെ പ്രതിമ സ്ഥാപിക്കുന്ന അജണ്ട ബി.ജെ.പി കൗൺസിലറുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാതെ മാറ്റിവെച്ചത് വിവാദമായിരുന്നു. ഇതോടെ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രതിമ സ്ഥാപിക്കണം എന്ന നിലപാടിലേക്ക് എത്തിച്ചേർന്നു.