കുട്ടനാട്: ചക്കുളത്തുകാവ് ശ്രി ഭഗവതിക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9ന് കൊടിയും കൊടിക്കയറും എസ്.എൻ.ഡി.പി യോഗം നീരേറ്റുപുറം 10ാം നമ്പർ ശാഖായോഗത്തിൽ നിന്നും ചക്കുളത്തുകാവിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻനമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തൃക്കൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കും. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിക്കും. കൊടിമരച്ചുവട്ടിലെ പ്രത്യേക പൂജകൾക്ക് മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി , ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ എല്ലാ ദിവസവും പുലർച്ചെ 4ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം,സൂക്തജപം, ശ്രീബലി, ഉച്ചപൂജ, പ്രസാദം ഊട്ട് എന്നിവ നടക്കും. വൈകിട്ട് 7ന് ദീപാരാധന, അത്താഴപൂജ, കളംഎഴുത്തും പാട്ടും എന്നിവയും ഉണ്ടാകും. 17ന് നടക്കുന്ന നാരിപൂജയുടെ ഉദ്ഘാടനം വനവാസി മുത്തശ്ശി ലക്ഷ്മിക്കുട്ടി അമ്മ നിർവഹിക്കും 26ന് സഹസ്രകലശാഭിഷേകവും 27ന് തിരുവാഭരണഘോഷയാത്രയും ആറാട്ടും മഞ്ഞനീരാട്ടും നടക്കും.