ഹരിപ്പാട്: കായംകുളം കായലിൽ ആറാട്ടുപുഴയിലെ ഇരുകരകളെയും ബന്ധിപ്പിച്ച് കനകക്കുന്ന് - കള്ളിക്കാട് പാലം നിർമ്മിക്കണമെന്ന് സി.പി.എം കാർത്തികപ്പളളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, കാർത്തികപ്പള്ളി ഗവ. യു.പി സ്‌കൂൾ ഹൈടെക് പ്ലസ്ടു സ്‌കൂളായി ഉയർത്തുക, ആറാട്ടുപുഴ തീരം കടൽഭിത്തി കെട്ടി സംരക്ഷിക്കുക, പത്തിയൂർ - കരിപ്പുഴ ഉള്ളിട്ടപുഞ്ചയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുക,​ ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം. സത്യപാലൻ, ജി. ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെ. ദേവകുമാർ, അഡ്വ. ബി. രാജേന്ദ്രൻ, എം. സുരേന്ദ്രൻ, എൻ. സജീവൻ എന്നിവർ പങ്കെടുത്തു. പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറി ആർ. നാസർ, ഏരിയാ സെക്രട്ടറി വി.കെ. സഹദേവൻ എന്നിവർ മറുപടി പറഞ്ഞു. വി.കെ. സഹദേവനെ വീണ്ടും ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.