ആലപ്പുഴ: റോഡാകെ തോടിന് സമമായതോടെ യാത്രക്കാരുടെ പരാതി പരിഹരിക്കാൻ ചുങ്കം - പള്ളാത്തുരുത്തി പാതയ്ക്ക് സമാന്തരമായി നഗരസഭ കടത്തിറക്കി. വൃശ്ചിക വേലിയേറ്റം വില്ലനായതോടെയാണ് റോഡ് വെള്ളത്തിൽ മുങ്ങിയത്. അത്യാവശ്യ യാത്രക്കാർക്ക് കുഴിയിൽ വീഴാതെ നഗരത്തിലെത്താവുന്ന തരത്തിൽ ഔട്ട്പോസ്റ്റ് മുതൽ ചുങ്കം പാലം വരെയാണ് കനാലിൽ കടത്ത് ആരംഭിച്ചിരിക്കുന്നത്.

നിർമ്മാണത്തിന് അടിയന്തര ടെണ്ടർ പൂർത്തിയാക്കിയ റോഡ് പള്ളാത്തുരുത്തി, തിരുമല വാർഡുകളിലെ ജനങ്ങളാണ് പ്രധാനമായും ആശ്രയിക്കുന്നത്. സ്കൂൾ അദ്ധ്യയനം ആരംഭിച്ച നവംബർ ഒന്ന് മുതൽ പള്ളാത്തുരുത്തി ഇ.ഡി.എൽ.പി സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി രണ്ടുനേരം കടത്ത് നടത്തുന്നുണ്ട്. ഇതേ കടത്താണ് നഗരസഭ ഏറ്റെടുത്ത് പൊതുജനങ്ങൾക്ക് സൗജന്യ യാത്രയ്ക്ക് അനുവദിച്ചിരിക്കുന്നത്. റോഡിലെ വെള്ളം ഇറങ്ങുന്നതനുസരിച്ച് മറ്റ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് തീരുമാനം. ടെണ്ടറായെങ്കിലും ലെവൽസ് എടുക്കുന്നടക്കം സാങ്കേതിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. കടത്ത് നടത്തിയ ദിവസങ്ങളുടെ എണ്ണവും ഇന്ധച്ചെലവും കണക്കാക്കി വള്ളം ഉടമ ഉണ്ണിക്കണ്ണന് വാടക നൽകാനാണ് അധികൃതർ ആലോചിക്കുന്നത്.

""

വേലിയേറ്റം മൂലം റോ‌ഡുപണി നീളുന്ന പശ്ചാത്തലത്തിലാണ് നഗരസഭ കടത്തുസർവീസ് ആരംഭിച്ചത്. ഇതോടെ അത്യാവശ്യ കാര്യങ്ങൾക്ക് നഗരത്തിൽ എത്തേണ്ടവർക്കും ആശ്വാസമാണ്.

ശ്വേത.എസ്. കുമാർ, കൗൺസിലർ, തിരുമല വാർഡ്

സർവീസ് സമയം

രാവിലെ 8 - 11

വൈകിട്ട് 4 - 6.30