banana

ആലപ്പുഴ: ഏത്തക്കായ ക്ഷാമം രൂക്ഷമായതോടെ വിപണിയിൽ വില കുതിച്ചുകയറി. കഴിഞ്ഞ ഓണക്കാലത്ത് പോലും ഏത്തക്കായ്ക്ക് ഡിമാൻഡില്ലായിരുന്നു. ഒരുകിലോ ഏത്തക്കായ്ക്ക് ഇന്നലെ മൊത്തവിപണിയിൽ 38 - 40 രൂപയായിരുന്നു. ചില്ലറ വിപണിയിൽ 45 രൂപയും. കഴിഞ്ഞ ദിവസം ഇത് 32 രൂപയായിരുന്നു.

വെള്ളപ്പൊക്കവും വേലിയേറ്റവും മൂലം വ്യാപകമായി കൃഷി നശിച്ചതിനാൽ വിലക്കയറ്റം കർഷകർക്കും ഗുണം ചെയ്തില്ല. കനത്തമഴയിൽ ജില്ലയിൽ വാഴകർഷകർക്ക് മാത്രം മൂന്നുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. ചാരുമൂട് മേഖലയിലാണ് വാഴകൃഷി കൂടുതലായി നശിച്ചത്.

തമിഴ്‌നാട്ടിലെ സത്യമംഗലം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടങ്ങളിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. ജില്ലയിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള കായവരവ് നിലച്ചതും വിലക്കയറ്റത്തിന് കാരണമായി.

സീസണായതിനാൽ ഉപ്പോരിക്കും നല്ല ചെലവുണ്ട്. അതേ സമയം ചെറുപഴത്തിന് വില വർദ്ധിച്ചിട്ടില്ല. ഞാലിപ്പൂവന് കിലോയ്ക്ക് 36 രൂപയാണ് മൊത്തവില. റോബസ്റ്റയ്ക്ക് 28 രൂപയും. രണ്ടാഴ്ച മുമ്പ് വരെ 4 - 5 കിലോ ഏത്തക്കായ 100 രൂപയ്ക്ക് ലഭിച്ചിരുന്നു.

വരവ് നിലച്ചു,​ വില കുതിച്ചു

1. തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള ഏത്തക്കായ വരവ് നിലച്ചു

2. മഴക്കെടുതിയിൽ വ്യാപകമായി കൃഷി നശിച്ചു

3. വരവ് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം

4. ഓണക്കാലത്ത് ജില്ലയിലെത്തിയത് വയനാടൻ എത്തക്കായ

5. കൃഷി നശിച്ചതിനാൽ കർഷകർക്കും ഗുണം ചെയ്തില്ല

ജില്ലയിലേക്ക് പ്രതിദിനമെത്തുന്ന ഏത്തക്കുലകൾ: 20 ടൺ

ഓണ സമയത്തെ ചില്ലറ വില

വയനാടൻ ₹ 38

മേട്ടുപ്പാളയം ₹ 35

ഇന്നലത്തെ വില

വയനാടൻ ₹ 45

മേട്ടുപ്പാളയം ₹ 42

കഴിഞ്ഞ വർഷം ഈ സമയത്തെ വില

ഏത്തക്കായ ₹ 30

ഞാലിപ്പൂവൻ ₹ 25

റോബസ്റ്റ ₹ 20

പാളയംതോടൻ ₹ 20

'' ''

ദിനം പ്രതി ഏത്തയ്ക്കായ്ക്ക് വില ഉയരുകയാണ്. മുൻ വർഷങ്ങളിലേക്കാൾ ഏത്തയ്ക്കായ്ക്ക് ആവശ്യക്കാരേറി. ആവശ്യത്തിന് ലഭ്യമാകാത്തതാണ് വിലക്കയറ്റത്തിന് കാരണം. കനത്ത മഴയിൽ കൃഷി നശിച്ചതിനാൽ കർഷകർക്ക് പ്രയോജനം ചെയ്യില്ല.

മാഹിൻ, വ്യാപാരി