
അമ്പലപ്പുഴ: മുൻ കണ്ടുപിടിത്തങ്ങളുടെ ആത്മവിശ്വാസത്തിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള യന്ത്രത്തിന്റെ പണിപ്പുരയിലാണ് വർക്ക്ഷോപ്പ് ഉടമയായ മോഹൻലാൽ. ഫാക്ടറികളിലും വീടുകളിലും വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന ചെറുതും വലുതുമായ വിവിധ തരത്തിലുള്ള യന്ത്രങ്ങളാണ് തയ്യാറായിവരുന്നത്.
യന്ത്രങ്ങളുടെ നിർമ്മാണം 75 ശതമാനവും പൂർത്തിയാക്കി. രണ്ട് മാസത്തിനുള്ളിൽ പ്രദർശനത്തിന് തയ്യാറാകുമെന്നാണ് മോഹൻലാൽ പറയുന്നത്. ചെറിയ കാറുകളിൽ 20 രൂപ ചെലവിൽ യന്ത്രം ഘടിപ്പിക്കാനാകുമെന്നതാണ് മേന്മ. പങ്കയുടെ ലീഫ് മലിന വായുവിനെ വലിച്ചെടുത്ത് യന്ത്രത്തിലുള്ള വെള്ളത്തിൽ കലർത്തി ശുദ്ധവായു പുറന്തള്ളുന്ന രീതിയിലാണ് പ്രവർത്തനം. പേറ്റന്റിനായി നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനിൽ അപേക്ഷ സമർപ്പിച്ചു.
കോയമ്പത്തൂർ, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് യന്ത്രഭാഗങ്ങൾ വരുത്തിച്ചത്. വളഞ്ഞവഴിയിലുള്ള കാവേരി എൻജിനിയറിംഗ് വർക്ക്ഷോപ്പിൽ കൂട്ടിയോജിപ്പിച്ചാണ് നിർമ്മാണം. എല്ലാ പിന്തുണയുമായി ഭാര്യ ശ്രീദേവിയും മക്കളായ ഉണ്ണിയും കണ്ണനും ഒപ്പമുണ്ട്.
പരീക്ഷണം ഔട്ട് ബോർഡ് എൻജിനിൽ
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇന്ധന ചെലവ് 60 ശതമാനം കുറയ്ക്കാൻ ഉതകുന്ന ഔട്ട് ബോർഡ് എൻജിൻ സംവിധാനം നിർമ്മിച്ചായിരുന്നു പരീക്ഷണങ്ങളുടെ തുടക്കം. ഇതിന്റെ മൂന്നോളം പതിപ്പുകൾ നിർമ്മിച്ചിറക്കി. ഫുൾ ഔട്ട് ബോർഡ് ഡീസൽ എൻജിൻ നിർമ്മാണ ഘട്ടത്തിലാണ്. കായലിലും കടലിലും ഒരുപോലെ ഉപയോഗിക്കുന്ന ചെറിയ വള്ളങ്ങൾക്ക് ബ്രേക്കിംഗ് സംവിധാനമായി റിവേർസബിൾ റിഡക്ഷൻ ഗിയർ ബോക്സ് രൂപകൽപ്പന ചെയ്തത് വിപണിയിൽ ലഭ്യമാണ്.
""
പുതിയ യന്ത്രം യാഥാർത്ഥ്യമായാൽ അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ പരിഹരിക്കാനാകും. ഡൽഹി നിവാസികളുടെ രൂക്ഷമായ മാലിന്യപ്രശ്നം കണ്ടതാണ് യന്ത്രം നിർമ്മിക്കാൻ പ്രേരിപ്പിച്ചത്.
മോഹൻലാൽ