ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാൻ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഒരു ലക്ഷത്തോളം ഫലവൃക്ഷത്തൈകൾ ഉത്പാദിപ്പിക്കും. വനം വകുപ്പിന്റെ സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നാണ് ബ്ലോക്ക് പരിധിയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുന്നത്. ഈ മാസം അവസാനത്തോടെ ഓരോ പഞ്ചായത്തിലും മൂന്നോ അതിലധികമോ പൊതുസ്ഥലങ്ങളിൽ നഴ്സറികൾ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. വിത്തും സാങ്കേതിക സഹായവും വനം വകുപ്പ് നൽകും.
ഉത്പാദിപ്പിക്കുന്ന തൈകൾ വീടുകളിലും സ്‌കൂളുകളിലും സന്നദ്ധ സംഘടനകൾക്കും ആവശ്യാനുസരണം നൽകും. വിത്തു പാകുന്നത് മുതൽ മൂന്നു വർഷത്തെ പരിചരണമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. ഇതുവഴി കൂടുതൽ തൊഴിലുറപ്പ് ദിനങ്ങളും സൃഷ്ടിക്കാനാകുമെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി പറഞ്ഞു.