bird

ആലപ്പുഴ: ക്രിസ്മസ് സീസണിനോട് അടുപ്പിച്ച് മിക്ക വർഷങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന പക്ഷിപ്പനിമൂലം സർക്കാരിനുണ്ടാകുന്നത് അധിക സാമ്പത്തിക ബാദ്ധ്യത. കഴിഞ്ഞ മൂന്നുതവണയായി ജില്ലയിൽ നഷ്ടപരിഹാരമായി നൽകിയത് 14 കോടി രൂപയാണ്. നഷ്ടം കണക്കാക്കുന്നതിൽ കൃത്രിമം നടക്കുന്നതായി കർഷകരും സമ്മതിക്കുന്നു. താറാവ് ഒന്നിന് 300 രൂപ പ്രകാരം മൃഗസംരക്ഷണ വകുപ്പിൽ നിന്നാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. ഇത് മറയാക്കി ലാഭം കൊയ്യുന്നവരുമുണ്ട്. രോഗലക്ഷണമുള്ള താറാവുകളുടെ സാമ്പിളുകൾ ശേഖരിച്ചാലും ഭോപ്പാലിലെ ലാബിൽ നിന്നാണ് ഫലം ലഭിക്കേണ്ടത്. ഇതിന് രണ്ടാഴ്ചയോളം സമയമെടുക്കും. ഇതും രോഗവ്യാപനത്തിന് കാരണമാകും.

തനത് ഫണ്ടിൽ ഞെരുങ്ങി പഞ്ചായത്തുകൾ

വിറക് ക്ഷാമം മൂലം പക്ഷികളെ കൊല്ലുന്നത് മാറ്റിവച്ച നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ ഇന്നലെ കള്ളിംഗ് നടത്തി. വിറക്, ചാക്ക്, പഞ്ചസാര, ഡീസൽ, തൊഴിലാളികൾ എന്നിവയ്ക്കുള്ള തുക പഞ്ചായത്തുകൾ തനത് ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. ബുധനാഴ്ച പഞ്ചായത്തുകൾ വിറകിനായി നെട്ടോട്ടമോടിയിട്ടും കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. കൊവിഡ് കാലത്ത് വരുമാന പ്രതിസന്ധി നേരിടുന്നതിനിടയിൽ ഈ ചെലവുകൂടി താങ്ങാനാവില്ലെന്നാണ് പഞ്ചായത്തുകളുടെ നിലപാട്. വിവരം കളക്ടറെ ധരിപ്പിച്ചിച്ചിട്ടുണ്ട്. പരാതി ഒഴിവാക്കാൻ വെള്ളക്കെട്ടില്ലാത്ത ഭാഗം നോക്കിയാണ് കത്തിക്കുന്നവ മറവ് ചെയ്യുന്നത്.

നഷ്ടപരിഹാരം
2014ൽ ₹ 3.8 കോടി

2016ൽ ₹ 9 കോടി

2021 ജനുവരി ₹ 1.10 കോടി

""

കഴിഞ്ഞ പക്ഷിപ്പനിയുടെ കാലത്ത് 2,18,000 രൂപ ചെലവായിരുന്നു. തനത് ഫണ്ടിൽ നിന്നാണ് ഇപ്പോഴും ചെലവഴിക്കുന്നത്. കളക്ടർ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്. സുരേഷ്, പ്രസിഡന്റ്,

കരുവാറ്റ പഞ്ചായത്ത്

""

വിറക് ക്ഷാമം പരിഹരിക്കാൻ സാധിച്ചു. നാലുലക്ഷം രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. കൊവിഡ് കാലത്ത് വരുമാനമില്ലാത്ത സാഹചര്യത്തിൽ ഇത്ര വലിയ തുക തനത് ഫണ്ടിൽ താങ്ങാനാവില്ല. ജില്ലാ കളക്ടറെ വിവരം ധരിപ്പിച്ചിട്ടുണ്ട്.

മിനി മന്മഥൻ, പ്രസിഡന്റ്, നെടുമുടി പഞ്ചായത്ത്