ambala

അമ്പലപ്പുഴ: കരുമാടിയിൽ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ കരുമാടി പാലത്തിന് പടിഞ്ഞാറാണ് കുടിവെള്ളം പാഴാകുന്നത്. തിരുവല്ല റോഡിനോട് ചേർന്ന് നടപ്പാതയിൽ വിരിച്ചിരിക്കുന്ന ടൈലിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. പ്രദേശവാസികൾ വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടു. കഴിഞ്ഞദിവസം ഓഫീസിലേയ്ക്ക് വിളിച്ച പ്രദേശവാസികളോട് ജീവനക്കാർ തട്ടിക്കയറി. പൈപ്പ് പൊട്ടിയാൽ വെള്ളം ഒഴുകുമെന്നും ഇത് സാധാരണമാണെന്നുമായിരുന്നു ഇവരുടെ മറുപടി. കുടിവെള്ള പൈപ്പ് നന്നാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.