omi

ആലപ്പുഴ: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർദേശിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്ക് മാറ്റുകയും റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ പരിശോധനയിൽ നെഗറ്റീവാകുന്നവർക്ക് ഹോം ക്വാറന്റൈൻ നിർദേശിക്കുകയുമാണ് ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് പറഞ്ഞു.

അതിവ വ്യാപന ശേഷിയുള്ളതിനാൽ കൊവിഡിനെതിരെ ഇതുവരെ സ്വീകരിച്ചുവന്ന പ്രതിരോധ മുൻകരുതലുകൾ വീഴ്ചകളില്ലാതെ തുടരണം. പ്രതിരോധ വാക്സിൻ രണ്ടു ഡോസെടുക്കണം. മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ധരിക്കണം. കൈകൾ ഇടയ്ക്കിടെ ശുചീകരിക്കണം. മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മുൻകരുതലെടുത്ത് ആരോഗ്യവകുപ്പ്

1. വിദേശത്തുനിന്ന് എത്തുന്നവർ രോഗപ്രതിരോധ നിർദേശങ്ങൾ പാലിക്കണം

2. ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കി നിരീക്ഷണത്തിൽ കഴിയണം

3. രോഗലക്ഷണങ്ങൾ പ്രകടമായാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം

4. കൊവിഡ് വാക്‌സിൻ ആദ്യഡോസ് എടുക്കാത്തവർ അടിയന്തരമായെടുക്കണം

5. രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ് കൃത്യസമയത്തുതന്നെ സ്വീകരിക്കണം

""

കൊവിഷീൽഡ് വാക്സിൻ 85-ാമത്തെ ദിവസവും കൊവാക്‌സിൻ 29-ാമത്തെ ദിവസവും രണ്ടാം ഡോസെടുക്കാം. കൊവിഡിനെതിരെ സുരക്ഷ നൽകുന്നതിനും രോഗതീവ്രത കുറയ്ക്കുന്നതിനും വാക്സിനുകൾക്ക് കഴിയും.

ഡോ. ജമുന വർഗീസ്

ജില്ലാ മെഡിക്കൽ ഓഫീസർ