
ഹരിപ്പാട് : കാർത്തികപ്പള്ളി, കുമാരപുരം, ചിങ്ങോലി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ദിവസങ്ങളായി തുടരുന്ന വേലിയേറ്റത്തിൽ വീടുകളിലും കൃഷി ഇടത്തിലും ഉൾപ്പടെ വെള്ളം കയറി ജനങ്ങൾ ദുരിതത്തിൽ.
മിക്ക പഞ്ചായത്തുകളിലും നൂറു കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത് . വ്യാപക കൃഷിനാശവും സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. എല്ലാവർഷവും വേലിയേറ്റം മൂലം ജല നിരപ്പ് ഉയരുന്ന പതിവുണ്ടെങ്കിലും ഇത്തവണയാണ് രൂക്ഷമായ രീതിയിൽ വെള്ളം കയറിയത്.
കായലും കൈവഴികളായി നൂറുകണക്കിന് തോടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തുകൾ. വേലിയേറ്റം ശക്തമായതോടെ ഈ ജലാശയങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ് ഓരുവെള്ളം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. പുലർച്ചെ രണ്ട് മണിക്ക് ആരംഭിക്കുന്ന വേലിയേറ്റം ഉച്ചവരെ തുടരും. പിന്നീടാണ് വെള്ളം തിരിച്ച് ഇറങ്ങി തുടങ്ങുന്നത്.
കഴിഞ്ഞ വർഷം ജനുവരി ആദ്യത്തിലാണ് വേലിയേറ്റം ആരംഭിച്ചത്. രണ്ട് മാസത്തോളം പ്രശ്നം തുടർന്നു. ഇക്കൊല്ലം ഡിസംബർ ആദ്യവാരം തന്നെ വേലിയേറ്റം തുടങ്ങി. എത്ര നാൾ ദുരിതം തുടരുമെന്ന ഭീതിയിലാണ് ജനങ്ങൾ. തങ്ങളുടെ ഓർമയിൽ ഇത്തരത്തിലുള്ളൊരു വേലിയേറ്റം ഉണ്ടായിട്ടില്ലെന്ന് പഴമക്കാർ പറയുന്നു. ഓരു വെള്ളം കെട്ടി നിൽക്കുന്നത് മൂലം കരകൃഷി വ്യാപകമായി നശിച്ചു തുടങ്ങി. വീടുകൾക്കും ഓരുവെള്ളം ഗുരുതര ഭീഷണി ഉയർത്തുന്നു. ക്ഷീര കർഷകരും കോഴി,താറാവ് കർഷകരും ദുരിതത്തിലാണ്. ഓരുവെള്ളം വന്നതോടെ കന്നുകാലികൾക്ക് പുല്ല് ലഭിക്കാതായി.
കാർത്തികപ്പള്ളി, കുമാരപുരം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ വേലിയേറ്റത്തെ തുടർന്ന് കനത്ത നാശ നഷ്ടമുണ്ടായവർക്ക് ധനസഹായം നൽകണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്
-രമേശ് ചെന്നിത്തല എം.എൽ.എ