ചേർത്തല: ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പിലെ അവ്യക്തതകൾക്കെതിരെ പ്രതിഷേധവുമായി നഗരത്തിലെ ഭൂവുടമകൾ. നഗരപരിധിയിൽ 150 ഓളം പേരുടെ സ്ഥലമാണ് വികസനത്തിനായി ഏ​റ്റെടുക്കുന്നത്. സ്ഥലമേ​റ്റെടുക്കുന്നതിൽ സർക്കാർ അനുഭാവപൂർവമായ നയങ്ങൾ സ്വീകരിക്കുമ്പോഴും ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നിഷേധിക്കുന്നതിനുള്ള പഴുതുകൾ കണ്ടെത്തുകയാണെന്നാണ് വിമർശനം.
ഭൂവുടമകളെ ഭയപ്പെടുത്തി രേഖകൾ വാങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് സ്ഥലമെടുപ്പ് കർമ്മസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏ​റ്റെടുക്കുന്ന സ്ഥലത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും കാര്യത്തിൽ വ്യക്തത വരുത്തുക, അടിസ്ഥാനവില പുനർനിർണയിക്കുക, അളവുകളുടെ കാര്യത്തിൽ ഉടമയെ ബോദ്ധ്യപ്പെടുത്തുക, കെട്ടിടങ്ങൾ പൂർണമായും ഏ​റ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കുക, തുടർനിർമ്മാണ വ്യവസ്ഥകളിൽ ഇളവുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. കളക്ടർക്ക് നിവേദനം നൽകിയ ശേഷം പരിഹാരമായില്ലെങ്കിൽ സമരം ആരംഭിക്കാനാണ് തീരുമാനം. ഭാരവാഹികളായ കെ.വി. ജോർജ്, ജിമ്മി കുന്നുംപുറം, കെ.കെ. ചന്ദ്രശേഖരൻ, തോമസ് തീയാട്ടുപറമ്പിൽ, ജോൺ.എം.എസ്. മാടമന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.