
കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ നാരിപൂജ ഇന്ന് നടക്കും. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് വനവാസി മുത്തശ്ശി ലക്ഷ്മിക്കുട്ടിഅമ്മയുടെ പാദം കഴുകി പൂജകൾക്ക് തുടക്കം കുറിക്കും. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും.
അനുബന്ധ പൂജകളും സമർപ്പണവും ഭക്തജനങ്ങളുടെ പാദപൂജയും ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത്.ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ നിർവഹിക്കും. ക്ഷേത്രത്തിലെ മുഖ്യ പൂജകൾക്ക് ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഇതോടനുബന്ധിച്ച് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ബിന്ദുജയകുമാർ മുഖ്യാതിഥിയാകും. മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, വാർഡ് മെമ്പർ കൊച്ചുമോൾ ഉത്തമൻ, സെക്രട്ടറി സന്തോഷ് ഗോകുലം തുടങ്ങിയവർ പങ്കെടുക്കും.